
കംപ്യൂട്ടറിന്റെ പ്രോസസിംഗ് ശേഷി വര്‍ദ്ധനയെപ്പറ്റി നിര്‍ണ്ണായകമായ പ്രവചനം നടത്തിയ ശാസ്‌ത്രജ്ഞനാണ് ഗോര്‍ഡന്‍ മൂര്‍. ഇലക്‌ട്രോണിക്‌സ് മാഗസിന്റെ 1965 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 35-ാം വാര്‍ഷിക പതിപ്പിലാണ് ഒരു പ്രവചനമെന്നോണം അന്ന് ഫെയര്‍ചൈല്‍ഡ് എന്ന സ്ഥാപനത്തിന്റെ ഗവേഷണ വികസന വിഭാഗം ഡയറക്‌ടറായിരുന്ന ഗോര്‍ഡന്‍ മൂര്‍ ലേഖനം എഴുതിയത്. അതുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ വച്ച് മൈക്രോ പ്രോസസറിന്റെ വിശകലനശേഷിയെ അപഗ്രഥിച്ച് പ്രവചനം നടത്തുകയായിരുന്നു. ?ഒരു ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പിലുള്‍ക്കൊള്ളിച്ചിട്ടുള്ള ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഓരോ 12 മാസം കഴിയും തോറും ഇരട്ടിക്കും? എന്നായിരുന്നു ലേഖനത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചത്. പിന്നീട് അദ്ദേഹം തന്നെ ഇത് 24 മാസമായി പുതുക്കുകയുണ്ടായി. കംപ്യൂട്ടര്‍ ലോകം ഈ പ്രവചനത്തെ ഗോര്‍ഡന്‍ മൂര്‍ നിയമം എന്ന് വിളിക്കാന്‍ തുടങ്ങി.നാളിതുവരെ കംപ്യൂട്ടര്‍ മേഖലയിലുണ്ടായ വളര്‍ച്ച ഗോര്‍ഡന്‍ മൂറിന്റെ പ്രവചനം ശരിവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രവചനം നടത്തിയ 1965-ല്‍ ഒരു ഐ.സി.ചിപ്പില്‍ 30 ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുമായിരുന്നെങ്കില്‍ ഇന്ന് സംഖ്യ കോടി കഴിഞ്ഞിരിക്കുന്നു. അടുത്ത കുറച്ച് വര്‍ഷത്തേക്ക് കൂടി മൂര്‍ നിയമത്തിന് വെല്ലുവിളി ഉണ്ടാകില്ലെന്ന് കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ 24 മാസം കഴിയും തോറും കമ്പ്യൂട്ടറിന്റെ വിലയിലും വിവരസംഭരണ ശേഷിയിലും ഇതേ തത്വം പാലിക്കപ്പെടുന്നതായി കാണാം. 1983-ല്‍ ഐ.ബി.എം. ആദ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ പുറത്തിറക്കുമ്പോള്‍ വെറും 10 മെഗാബൈറ്റ് വിവരം ശേഖരിച്ചുവയ്‌ക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് വിപണിയില്‍ കിട്ടുന്ന കുറഞ്ഞ വിവര സംഭരണശേഷി 80 ജി.ബി.യാണ്. 1983-ലെ ഈ പി.സി.യ്‌ക്ക് 1 ലക്ഷത്തോളം രൂപ വിലയുമുണ്ടായിരുന്നു. 40 വര്‍ഷം മുമ്പ് നടത്തിയ പ്രവചനം കംപ്യൂട്ടര്‍ ലോകത്തെ സംബന്ധിച്ചത്തോളം അക്കാലത്ത് ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ഒരു മൊട്ടുസൂചിയുടെ ഉരുണ്ട അഗ്രഭാഗത്ത് 200 ദശലക്ഷം ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലേക്ക് കംപ്യൂട്ടര്‍ സാങ്കേതിക വിദ്യവളര്‍ന്നിരിക്കുന്നു. ആറ്റം അടിസ്ഥാനഘടനയായുള്ള വസ്‌തുക്കള്‍ക്ക് ഭൗതികമായ ചെറുതാകല്‍ പരിമിതി ഉള്ളതിനാല്‍ ഇനി എത്രകാലം ഗോര്‍ഡന്‍ മൂര്‍ നിയമം നിലനില്‍ക്കുമെന്നത് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ക്വാണ്ടം ഡോട്‌സും നാനോ ടെക്‌നോളജിയും അപ്പോഴേക്കും രക്ഷയ്‌ക്കെത്തുമെന്ന് ഒരു ഭാഗം വിദഗ്‌ധര്‍ വാദിക്കുന്നു. ഇന്ന് 90 നാനോമീറ്റര്‍ ലെവലിലാണ് ചിപ്പ് നിര്‍മ്മാണം നടക്കുന്നത്. ഒരു ദശാബ്‌ദം മുമ്പ് ഇത് 500 നാനോമീറ്റര്‍ ലെവലിലായിരുന്നു. 1929-ജനുവരി 3-ാം തീയതി ജനിച്ച ഗോര്‍ഡന്‍മൂര്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം എടുത്തശേഷം കാലിഫോര്‍ണിയാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഭൗതിക-രസതന്ത്രത്തില്‍ ഗവേഷണബിരുദവും കരസ്ഥമാക്കി. 1968-ജൂലൈയില്‍ റോബര്‍ട്ട് നോയിസുമായി ചേര്‍ന്ന് ഇന്റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതുവരെ 11 വര്‍ഷക്കാലം ഡോ. ഗോര്‍ഡന്‍ മൂര്‍ ഫെയര്‍ ചൈല്‍ഡില്‍ ജോലി നോക്കി. റോബര്‍ട്ട് നോയിസ് നേരത്തെ 1959-ല്‍ ജാക്ക് കില്‍ബിയുമായി ചേര്‍ന്ന് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പ് കണ്ടുപിടിച്ചിരുന്നു. റോബര്‍ട്ട് നോയിസിന്റേയും ഗോര്‍ഡന്‍മൂറിന്റേയും ഒത്തുചേരല്‍ ഇന്റലിനും കംപ്യൂട്ടര്‍ ലോകത്തിനും നിസ്‌തുലസംഭാവനകള്‍ നല്‍കിയ തുടക്കമായിരുന്നു. 1971-ല്‍ 2300 ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുന്ന ഇന്റലിന്റെ ആദ്യ മൈക്രോ പ്രോസസര്‍ പുറത്തിറങ്ങി. ഇന്ന് ഇന്റലിന്റെ ഏറ്റവും പുതിയ മൈക്രോ പ്രോസസറില്‍ കോടിക്കണക്കിന് ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുന്നു. ഗോര്‍ഡന്‍മൂര്‍ തുടക്കത്തില്‍ ഇന്റലിന്റെ എക്‌സിക്യൂട്ടിവ് പ്രസിഡന്റായിരുന്നു.പിന്നീട് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി. ഇപ്പോള്‍ ഇന്റല്‍ കോര്‍പ്പറേഷനില്‍ വിസിറ്റിംഗ് ചെയര്‍മാനായി സേവനം അനുഷ്‌ടിക്കുന്നു.മറ്റേത് സാങ്കേതിക വിദ്യയേക്കാളും ഐ.സി.ചിപ്പ് നിര്‍മ്മാണം അതിദ്രുതം വളരുകയായിരുന്നു. സമാനതകളില്ല, എന്നു വേണമെങ്കില്‍ പറയാം. വിമാന സാങ്കേതിക വിദ്യയുമായി ഇതിനെ ബന്ധപ്പെടുത്തി നോക്കുക. 1978-ല്‍ ന്യൂയോര്‍ക്ക് നിന്ന് പാരീസിലേക്ക് പറക്കാന്‍ 900 അമേരിക്കന്‍ ഡോളറും 7 മണിക്കൂറും എടുത്തിരുന്നു. ഗോര്‍ഡന്‍മൂര്‍ നിയമം ഇവിടെ പ്രയോഗിച്ചാല്‍ ഡോളറിന്റെ കുറഞ്ഞ ഡിനോമിനേഷനായ ഒരു പെന്നിയും ഒരു സെക്കന്റില്‍ താഴെ സമയവുമായി വിമാന യാത്ര ചുരുങ്ങും.
മൈക്രോ പ്രോസസര്‍ വര്‍ഷം ട്രാന്‍സിസ്റ്റര്‍ എണ്ണം
4004 1971 2,300
8008 1972 2,500
8080 1974 4,500
8086 1978 29,000
ഇന്റല്‍ 286 1982 134,000
ഇന്റല്‍ 386 1985 275,000
ഇന്റല്‍ 486 1989 1,200,000
ഇന്റല്‍ Pentium 1993 3,100,000
ഇന്റല്‍ Pentium II 1997 7,500,000
ഇന്റല്‍ Pentium III 1999 9,500,000
ഇന്റല്‍ Pentium 4 2000 42,000,000
ഇന്റല്‍ Itanium 2001 25,000,000
ഇന്റല്‍ Itanium 2 2002 220,000,000
ഇന്റല്‍ Itanium 2 (9 MB Cache) 2004 592,000,000
2 comments:
amazing
Post a Comment